ബെംഗളൂരു: ഓഗസ്റ്റ് 11ന് ഉണ്ടായ ബെംഗളൂരു കലാപത്തിൽ ഉൾപ്പെട്ടവർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് സിറ്റി പൊലീസ്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ മോചിപ്പിക്കരുതെന്ന് കോടതിയോട് അപേക്ഷിക്കുമെന്നും സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കുൽദീപ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികളെ ജയിലിനുള്ളിലാക്കുക എന്നതാണ് പ്രധാന ഉദ്ദേശ്യം. കലാപത്തിന് കാരണമായവരെ പുറത്തുവിടകയാണെങ്കിൽ അത് തെറ്റായ സന്ദേശമായിരിക്കും സമൂഹത്തിന് നൽകുക. ആർക്കും എന്ത് കുറ്റകൃത്യവും ചെയ്യാമെന്നും ജയിൽ ശിക്ഷയിൽ നിന്ന് അനായാസം രക്ഷപ്പെടാമെന്നുമായിരിക്കും പ്രതികളുടെ മോചനത്തിലൂടെ സമൂഹം ഉൾക്കൊള്ളുന്നത്. അതിനാൽ തന്നെ പ്രതികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുന്നതിനായി പ്രയത്‌നിക്കുമെന്നും ഡിസിപി ജെയിൻ വിശദമാക്കി.
ഫേസ്ബുക്കിൽ ഇസ്ലാമിക പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ ഈ മാസം 11ന് രാത്രി ബെംഗളൂരുവിൽ ഉണ്ടായ കലാപത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 400 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. അന്വേഷണത്തിന് സഹായകമാകുന്ന പ്രധാന വിവരങ്ങൾ ലഭിച്ചതായും കുൽദീപ് ജെയിൻ അറിയിച്ചു. കലാപത്തിന്‍റെ ആസൂത്രകരിൽ ഒരാൾ എന്നു സംശയിക്കുന്ന മുദാസിർ അഹമ്മദിനെ ഹൈദരാബാദിൽ നിന്നല്ല അറസ്റ്റ് ചെയ്‌തതെന്നും ഇയാളെ ബെംഗളൂരു നഗരത്തിനുള്ളിൽ നിന്നുമാണ് പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎ അഖന്ദ ശ്രീനിവാസ് മൂർത്തിയുടെ സഹോദരി പുത്രൻ പി. നവീന് ജാമ്യം ലഭിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഇയാൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ബെംഗളൂരു കലാപത്തിൽ ഉണ്ടായ കല്ലേറിൽ 60 പൊലീസുകാർക്ക് പരിക്കേൽക്കുകയും ഒട്ടേറെ നാശനഷ്‌ടങ്ങൾ ഉണ്ടാവുകയും ചെയ്‌തിരുന്നു.