ബംഗളുരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡില്‍ 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി. നാല് കോടി രൂപയും റെയ്‌ഡില്‍ പിടിച്ചെടുത്തു. പരമേശ്വര ഉള്‍പ്പെട്ട മെഡിക്കല്‍ പ്രവേശന തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകളും പരിശോധനയില്‍ കണ്ടെത്തി. ഹവാല പണമിടപാടിന്‍റെ തെളിവുകളും ലഭിച്ചു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ് ജി. പരമേശ്വര. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് 50 ലക്ഷം മുതല്‍ 65 ലക്ഷം രൂപ വരെ നിരക്കില്‍ 185 സീറ്റുകളിലാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. സീറ്റ് തിരിമറിക്ക് വേണ്ടി ഉപയോഗിച്ച വിദ്യാര്‍ഥികളുടെ മൊഴികളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ട്രസ്റ്റുമായി ബന്ധപ്പെട്ട ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എട്ട് ജീവനക്കാരുടെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും 4.6 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.