ബെംഗളൂരു: പൊലീസ് ചെക്ക്‌പോസ്റ്റുകളില്‍ വേഷം മാറി എസ്‌പിയുടെ അന്വേഷണം. ബെംഗളൂരു റൂറൽ എസ്‌പി രവി ഡി ചന്നന്നവരാണ് ട്രക്ക് ഡ്രൈവറായി വേഷം മാറി അന്വേഷണം നടത്തിയത്. ഹോം ഗാർഡ് ഉൾപ്പെടെ രണ്ട് ഇൻസ്പെക്ടർമാർ ചരക്ക് ഗതാഗത ഡ്രൈവർമാരിൽ നിന്ന് പണം തട്ടിയെടുത്തുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ഏപ്രിൽ രണ്ടിന് അനക്കൽ താലൂക്കിലെ ആത്തിബെലെ ചെക്ക് പോസ്റ്റിൽ പഴം പച്ചക്കറി ട്രക്ക് ഡ്രൈവർമാരിൽ നിന്ന് ഇവർ പണം വാങ്ങിയതായും ആരോപണമുണ്ടായിരുന്നു.
ഇൻസ്പെക്ടർമാരായ ടി കെ ജയന്ന, കരിയപ്പ എന്നിവരെ ആത്തിബെലെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 15,500 രൂപയും കണ്ടെടുത്തു. രണ്ട് ഇൻസ്പെക്ടർമാരെയും സസ്പെൻഡ് ചെയ്യാൻ ഡെപ്യൂട്ടി കമ്മീഷണർ (ബെംഗളൂരു അർബൻ) ജി എച്ച് ശിവമൂർത്തി ഉത്തരവിട്ടു.