ഹൗറ : മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർഗിയ. ഐഎസ് ബംഗാളിലേക്ക് വരുന്നെന്ന ഭീഷണി തങ്ങളെ അത്ഭുതപ്പെടുത്തി. ഇതെല്ലാം സംഭവിച്ചത് മമതയുടെ പ്രീണന നയം കൊണ്ടാണ്. ബംഗാളിൽ നിന്ന് മമത പുറത്താക്കപ്പെട്ടിട്ടില്ലെങ്കിൽ സംസ്ഥാനം ജമ്മുകശ്മീർ പോലെയാകുമെന്നും മതയുടെ ഭരണം പശ്ചിമബംഗാൾ അതിർത്തിയിൽ ഭീകരുടെ ശക്തി വർധിപ്പിച്ചെന്നും വിജയ് വാർഗിയ പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു ടെലഗ്രാം ചാനലിൽ ഐഎസ് ബംഗാളിലേക്ക് കടക്കാൻ പദ്ധതിയിടുന്നെന്ന തരത്തിൽ ഒരു പോസ്റ്റർ പുറത്തു വിട്ടിരുന്നു. ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരക്ക് ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഈ ഭീഷണിയെ ഗൗരവമായി എടുത്തിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തന്നെ അധികാരത്തിലേറുമെന്നും മെയ് 23 ന് ഫലം വരുമ്പോൾ തോൽവിക്കു ശേഷം മമതയ്ക്ക് മുഖം മറയ്ക്കേണ്ടി വരുമെന്നും വിജയ് വാർഗിയ കൂട്ടിച്ചേർത്തു.