ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ലോക്‌ഡൗണ്‍ നിയമങ്ങള്‍ പാലിക്കണം. നിയമം ലംഘിക്കുന്നവര്‍ അവരുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മോദി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെയും കുടുംബത്തിന്‍റെ സുരക്ഷിതത്വത്തിന് ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ തയാറാകണമെന്നും മോദി പറഞ്ഞു. പലരും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായി കാണുന്നു. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാകാത്തവരാണവര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാജ്യം വന്‍ പ്രതിസന്ധിയിലേക്ക് പോകും. അതില്‍ നിന്ന് തിരിച്ചുവരിക പ്രയാസമായിരിക്കും.
പല രാജ്യങ്ങളിലെയും ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്‍റെ ഫലമാണ്. അവര്‍ ഇന്ന് അതില്‍ ഖേദിക്കുന്നു - പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ആകെ പിടിച്ചുലച്ച വൈറസ് ഇന്ത്യയില്‍ പടരാതിരിക്കണമെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയെ മതിയാകു. വൈകിയാല്‍ സാഹചര്യം കൂടുതല്‍ രൂക്ഷാമാകും. അതിനാലാണ് തുടക്കത്തില്‍ തന്നെ സമ്പൂര്‍ണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. വന്‍ വെല്ലുവിളിയാണ് നമുക്ക് മുന്നിലുള്ളത് അതിനെ മറികടക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ അതിനോട് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ച മോദി രാജ്യത്തെ പാവപ്പെട്ടവര്‍ തന്നോട് ക്ഷമിക്കണമെന്നും അഭ്യര്‍ഥിച്ചു. വീടിനുള്ളില്‍ തളയ്‌ക്കപ്പെട്ടതിനാല്‍ പലര്‍ക്കും എന്നോട് ദേഷ്യമുണ്ടെന്നറിയാം എന്നിരുന്നാണ് ദയവായി എന്നോട് ക്ഷമിച്ച് നിയമങ്ങളോട് സഹകരിക്കണം - മോദി അഭ്യര്‍ഥിച്ചു.