ഹൈദരാബാദ്: മൃഗഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് നിയമസഹായം നൽകാനാകില്ലെന്ന് ജില്ലാ ബാർ അസോസിയേഷൻ. പ്രതികൾ ചെയ്‌ത ഗുരുതരമായ കുറ്റത്തെ ധാർമികമായി എതിർക്കുകയാണെന്ന് രംഗ റെഡ്ഡി ബാർ അസോസിയേഷൻ പ്രസിഡന്‍റ് മട്ടപ്പള്ളി ശ്രീനിവാസ് വ്യക്തമാക്കി. പ്രതികൾക്ക് വേണ്ടി നിയമപരമായ സഹായങ്ങൾ ചെയ്യാനാകില്ലെന്നും ഇത്തരം കേസുകളിൽ അഭിഭാഷകനെ നിയമിക്കാൻ ജില്ലാ നിയമസേവന അതോറിറ്റിക്ക് കോടതി നിർദേശം നൽകണമെന്നും അസോസിയേഷൻ പറഞ്ഞു. കേസിന്‍റെ ഗൗരവമനുസരിച്ച്, വകുപ്പുകൾ പ്രകാരം പ്രതികൾക്ക് വധശിക്ഷ വരെ നൽകാൻ സാധിക്കുമെന്നും ശ്രീനിവാസ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളായ ലോറി തൊഴിലാളികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി കൊണ്ടുവരണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അക്രമങ്ങൾ വർധിക്കുന്നതിനെതിരെ ഇന്ന് കോടതിയുടെ പ്രധാനകവാടത്തിൽ പ്രതിഷേധം നടത്താനാണ് സംഘടനയുടെ തീരുമാനമെന്നും ശ്രീനിവാസ് അറിയിച്ചു.