ഷില്ലോങ്: ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ 15 പേരടുങ്ങുന്ന അക്രമ സംഘം ബിഎസ്‌എഫ് പോസ്റ്റിൽ ആക്രമണം നടത്തി. ബിഎസ്‌എഫ് ഗാർഡുകളുടെ ആയുധങ്ങൾ തട്ടിയെടുത്തെന്നും മറ്റൊരു സംഘം ഒരു കുടുംബത്തെ ആക്രമിച്ചെന്നും പൊലീസ് അറിയിച്ചു. ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ഉദ്യോഗസ്ഥരിൽ നിന്ന് തട്ടിയെടുത്ത ആയുധങ്ങൾ അടുത്തുള്ള കാട്ടിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് അറിയിച്ചു.
ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള അംദോ, റോങ്‌ടില എന്നിവിടങ്ങളിൽ അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു ബിഎസ്‌എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റെന്നും വെസ്റ്റ് ജയന്തിയ ഹിൽസ് പോലീസ് സൂപ്രണ്ട് (എസ്‌പി) ലാക്ഡോർ സീം പറഞ്ഞു. അംദോ ഗ്രാമത്തിലെ പ്രതാപ് ബാരെയുടെ വീട്ടിലേക്ക് സംഘം നുഴഞ്ഞുകയറുകയും പണം, മൊബൈൽ ഫോൺ, എസ്ബിബിഎൽ തോക്ക് തുടങ്ങിയവ മോഷ്‌ടിച്ചിട്ടുണ്ടെന്നും എസ്‌പി പറഞ്ഞു. ഈസ്റ്റേൺ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടർ ജനറൽ ഓഫ് പൊലീസ്, ഡെപ്യൂട്ടി കമ്മീഷണർ, മറ്റു മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ബിഎസ്‌എഫ് ഫ്ളാഗ് മീറ്റിങ്ങിൽ ബംഗ്ലാദേശിനെ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞയാഴ്ച ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സംശയിക്കുന്ന ഒരു കൂട്ടം കുറ്റവാളികൾ കാർ ആക്രമിക്കുകയും യാത്രികരെ പരിക്കേൽപ്പിച്ച് അവരുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കുറ്റവാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു.