ഡല്‍ഹി: ബലാക്കോട്ടില്‍ ഭീകരരെ നേരിട്ടതില്‍ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് വ്യോമസേന തലവന്‍ ആര്‍കെഎസ് ബദൗരിയ. ഭീകരരെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ മാറ്റമാണ് കൊണ്ടു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയില്‍ വ്യോമാക്രമണത്തിന്‍റെ തന്ത്രപരമായ പ്രസക്തിയാണ് ബലാക്കോട്ടില്‍ കണ്ടത്. പുല്‍വാമ ഭീകരാക്രമണം, ജമ്മുകശ്മീരിലെ ചാവേര്‍ ആക്രമണങ്ങള്‍ തുടങ്ങിയവ ഓര്‍മ്മിപ്പിക്കുന്നത് പ്രതിരോധ സേന എപ്പോഴും ജാഗ്രത പാലിക്കണമെന്നാണെന്നും ബദൗരിയ സൂചിപ്പിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ 87-ാം വാര്‍ഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനത്തെ പൂര്‍ണ്ണമായും വെല്ലുവിളിച്ചാണ് ഭീകരര്‍ പുല്‍വാമ ആക്രമണം നടപ്പിലാക്കിയത്. ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 40 സിആര്‍പിഎഫ് ജവാന്‍മാരെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യാക്രമണം എന്ന നിലയിലാണ് ബലാക്കോട്ടിലെ ജയ്‌ഷെ കേന്ദ്രത്തില്‍ വ്യോമസേന നടപ്പാക്കിയത്. രാജ്യ സുരക്ഷ നയത്തില്‍ തന്നെ വലിയൊരു മാറ്റമാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കിയത്. ഭീകരരെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാറ്റം ഏറ്റവും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ദിനത്തിന്‍റെ ഭാഗമായി യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എയര്‍ ഷോ പ്രദര്‍ശനം നടത്തിയിരുന്നു. തേജസ്, അന്റോനോവ് ആന്‍-32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് എന്നിവ എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. വ്യോമസേനാ ദിനവുമായി ബന്ധപ്പെട്ട് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്ദോണ്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങളെ അഭിസംബോധന ചെയ്തു.
വ്യോമസേന ദിനത്തില്‍ വൈമാനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. വൈമാനികര്‍ അര്‍പ്പണ മനോഭാവത്തോടെയും മികവോടെയുമാണ് രാജ്യത്തെ സേവിക്കുന്നത്. അത് തുടരണമെന്നും വ്യോമസേന ഉദ്യോഗസ്ഥരോടും അവരുടെ കുടുംബത്തോടും രാഷ്ട്രം നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. വ്യോമസേനയുടെ 26-ാമത്തെ തലവനാണ് ആര്‍കെഎസ് ബദൗരിയ. 1980-ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേരുന്നത്.