പനാജി: ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മണിപ്പാൽ ആശുപത്രി അധികൃതർ. എന്നാൽ അദ്ദേഹം പൂർവ്വ സ്ഥിതിയിലെത്താൻ കുറച്ചധികം നാൾ വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. അവസാനം നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്‍റ് ഓങ്കോളജിസ്റ്റും സുഹൃത്തുമായ ശേഖർ സാൽക്കർ പറഞ്ഞു.
അദ്ദേഹത്തിന്‍റെ നിലവിലെ സ്ഥിതിയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ സംഘത്തിന്‍റെ നിർദേശം മാനിച്ചാണ് ഡൽഹിയിലെ ആശുപത്രിയിലേക്ക് നായിക്കിനെ മാറ്റാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 12നാണ് ഉത്തര ഗോവ പാർലമെന്‍ററി നിയോജകമണ്ഡലത്തിലെ എംപിയായ നായികിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പനാജിക്കടുത്തുള്ള മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അദ്ദേഹത്തിന് ഇതിനകം പ്ലാസ്മയും ഫ്ലോ നാസൽ ഓക്സിജൻ ചികിത്സയും നൽകിയിട്ടുണ്ട്. വിദഗ്ദ പരിശോധിക്കുന്നതിനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു.