അയോധ്യ കേസിൽ മധ്യസ്ഥ ചർച്ച വേണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഉത്തരവ് മാർച്ച് അഞ്ചിന് നൽകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിക്കവെയാണ് കോടതി ഇപ്രകാരം വ്യക്തമാക്കിയത്.
യുപി സർക്കാർ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെ ചൊല്ലി രാം ജന്മഭൂമി ന്യാസിന്‍റെയും സുന്നി വഖഫ് ബോർഡിന്‍റെയും അഭിഭാഷകർ തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചർച്ച ആലോചിക്കുകയാണെന്ന് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞത്. മധ്യസ്ഥതയെക്കുറിച്ച് ആലോചിക്കേണ്ട സമയമാണെന്നും ചർച്ചയ്ക്ക് നൽകുന്ന അവസാന അവസരമാണിതെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
എന്നാല്‍ മധ്യസ്ഥചർച്ചാ ശ്രമങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നാണ് സുന്നി വഖഫ് ബോർഡ് അഭിഭാഷന്‍ രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. സുപ്രീം കോടതി മുഖേന മധ്യസ്ഥശ്രമങ്ങൾ നടന്നിട്ടില്ലെന്നും ഇരു കക്ഷികളെയും ഒന്നിച്ചിരുത്തിയുള്ള മധ്യസ്ഥ ചർച്ച കോടതി ആലോചിക്കുകയാണെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
രാമക്ഷേത്രം അയോധ്യയിൽ നിലനിന്നിരുന്നെന്ന് അവകാശപ്പെടുന്ന ചരിത്രരേഖകളുടെ പരിഭാഷയുടെ കൃത്യത പരിശോധിക്കണമെന്ന് സുന്നി അഭിഭാഷകൻ രാജീവ് ധവാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് വർഷം മുമ്പ് തയ്യാറാക്കിയ പരിഭാഷയെ പറ്റി ഇപ്പോൾ തർക്കം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു രാം ജന്മഭൂമി ന്യാസിന്‍റെഅഭിഭാഷകൻ സി.എസ്. വൈദ്യനാഥന്‍റെ വാദം.