അയോധ്യ: അടുത്തയാഴ്ച അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന രാമക്ഷേത്രത്തിന്‍റെ 'ഭൂമി പൂജൻ' ചടങ്ങ് തടസ്സപ്പെടുത്താനും അട്ടിമറിക്കാനും തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നുവെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ സംസ്ഥാന പൊലീസിനെ അറിയിച്ചതോടെ ഉത്തർപ്രദേശിൽ കനത്ത് സുരക്ഷ ഏർപ്പെടുത്തി.
ഓഗസ്റ്റ് അഞ്ചിന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ആക്രമണത്തിന് പദ്ധതിയിട്ടതായി ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ് ഷെ മുഹമ്മദ് എന്നി സംഘടനകളുടെ ഉന്നത നേതൃത്വത്തിന് ആക്രമണം നടത്താൻ ഐഎസ്‌ഐ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. ഭീകരാക്രമണം തിരക്കേറിയ സ്ഥലത്തോ മറ്റ് ഏതെങ്കിലും തരത്തിലോ ആകാം എന്നാണ് റിപ്പോർട്ടുകൾ.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 'ഭൂമി പൂജൻ' ചടങ്ങിന് വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് നടത്തുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെ അയോധ്യയിൽ സുരക്ഷാ അലേർട്ട് നിലനിൽക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ മുതിർന്ന ബി.ജെ.പി. നേതാക്കളായ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, ആർഎസ്‌എസിന്‍റെ മറ്റ് നിരവധി നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ കോപ്റ്റർ ഇറങ്ങുന്ന സാകേത് മഹാവിദ്യാലയം മുതൽ രാമ ജന്മഭൂമി വരെയുള്ള പ്രദേശത്ത് ഇതിനകം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാംകോട്ട് പ്രദേശത്തെ താമസക്കാർക്ക് യാത്രാ പാസുകൾ നൽകിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.ഉയർന്ന ഇടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും ഡ്രോൺ ക്യാമറകൾ പ്രദേശം നിരീക്ഷിക്കുമെന്നും അയോധ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രദേശത്തേ ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. കൂടാതെ വിശുദ്ധ നഗരത്തിലേക്ക് ആളുകളെ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.