ന്യൂഡൽഹി: അയോധ്യകേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റി വെച്ചു. വാദങ്ങളുടെ രേഖാമൂലമുള്ള കുറിപ്പോ ഇതുമായി ബന്ധപ്പെട്ട രേഖകളോ ഹാജരാക്കാനുണ്ടെങ്കില്‍ കക്ഷികള്‍ക്ക് മൂന്ന് ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ പതിനേഴിന് മുമ്പായി കേസില്‍ വിധി പ്രസ്താവിക്കുമെന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് രഞജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഓഗസ്റ്റ് ആറ് മുതലാണ് കേസില്‍ തുടര്‍ച്ചയായ വാദം കേള്‍ക്കാൻ ആരംഭിച്ചത്. കോടതി നിയോഗിച്ച മധ്യസ്ഥ സമിതി തര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കേസിൽ തുടർച്ചയായ വാദം കേള്‍ക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം നാടകീയമായ രംഗങ്ങളാണ് വാദം കേള്‍ക്കലിന്‍റെ അവസാനദിവസമായ ഇന്ന് കോടതിയിൽ അരങ്ങേറിയത്. സുന്നി വഖഫ് ബോര്‍ഡിന്‍റെ അഭിഭാഷകനായ രാജീവ് ധവാന്‍ രാമജന്മ സ്ഥലം കാണിക്കുന്ന ഭൂപടം കോടതി മുറിയില്‍ വലിച്ചു കീറി. ഇതേ തുടർന്ന് കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
അയോധ്യകേസില്‍ 2010-ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ചോദ്യം ചെയ്താണ് കേസിലെ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2.77 ഏക്കര്‍ വരുന്ന തര്‍ക്ക ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലീലയ്ക്കും തുല്യമായി വീതിച്ചു നല്‍കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. 1992-ല്‍ തകര്‍ക്കപ്പെടുമ്പോള്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ പള്ളി പുനസ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള കക്ഷികളുടെ വാദം. എന്നാൽ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് നേരത്തെ രാമക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്ന് എതിര്‍കക്ഷിയായ ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും വാദിക്കുന്നു. നാല്പത് ദിവസം നീണ്ടു നിന്നതും സുപ്രീംകോടതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയതുമായ വാദം കേൾക്കലില്‍ ഒന്നാണ് ഇതോടെ അവസാനിച്ചത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്എ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.