ഷിംല: രാജ്യത്തിന്‍റെ അതിര്‍ത്തികളെ സംരക്ഷിക്കുന്ന സായുധ സേനക്കും അതിർത്തിയിലെ വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുമായി അടല്‍ തുരങ്കം സമർപ്പിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. "ഈ തുരങ്കത്തിന്‍റെ പ്രാധാന്യം വിശദീകരിക്കേണ്ട ആവശ്യമില്ല, അതിന്‍റെ തന്ത്രപരമായ പ്രാധാന്യം എല്ലാവർക്കും മനസിലാകും. റേഷൻ സാധനങ്ങളും ആയുധങ്ങളും മറ്റും വേഗത്തിൽ എത്തിക്കാനും ഉദ്യോഗസ്ഥരെ അതിവേഗത്തിൽ വിന്യസിക്കാനും തുരങ്കം സഹായിക്കും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അതിർത്തിയിൽ താമസിക്കുന്നവർക്കും അതിർത്തി സംരക്ഷിക്കുന്നവർക്കും ഇത് സമർപ്പിക്കുന്നു," അടല്‍ തുരങ്കത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത രാജ്‌നാഥ് സിംഗ് പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ, ടൂറിസം, വാണിജ്യം, സാമൂഹികവും സാമ്പത്തികവുമായ വികസനം എന്നിവ അടൽ തുരങ്കം പ്രവർത്തനക്ഷമമാകുന്നതോടെ നടപ്പിലാക്കാമെന്നാണ് പ്രതീക്ഷ.
"അടൽ ജി ഈ ടണലിന്‍റെ നിർമാണം പ്രഖ്യാപിക്കുമ്പോൾ, ഹിമാചൽ പ്രദേശ് (പാർട്ടി) ചുമതലക്കാരനായി പ്രവർത്തിക്കുകയായിരുന്നു. ഇന്ന് അതിന്‍റെ നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തിന് വേണ്ടി സമർപ്പിക്കുന്നതിൽ ഭാഗമാകുന്നത് തികച്ചും യാദൃശ്ചികമാണ്," സിംഗ് പറഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനും (ബിആർഒ), തുരങ്ക നിർമാണത്തിന്‍റെ ഭാഗമായ എല്ലാവർക്കും രാജ്‌നാഥ് സിംഗ് നന്ദി അറിയിച്ചു. ഇന്ന് ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ നടന്ന ഉദ്‌ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, ജനറൽ ബിപിൻ റാവത്ത്, കരസേന മേധാവി എം.എം.നരവനേ എന്നിവരും പങ്കെടുത്തിരുന്നു.
കൂടുതൽ വായിക്കാൻ: അഭിമാന നേട്ടം; അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി