ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും വൻ തീപിടിത്തം. ഡല്‍ഹിയിലെ കിരാരിയില്‍ മൂന്ന് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേർ മരിച്ചു. തുണികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. ഡിസംബർ എട്ടിന് വടക്കൻ ഡല്‍ഹിയിലെ തിരക്കേറിയ അനാജ് മണ്ഡി പ്രദേശത്ത് നാല് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേർ മരിച്ചതിന് പിന്നാലെയാണ് ഈ അപകടം. പുലർച്ചെ 12.45നാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സിന്‍റെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചതെന്ന് ഡല്‍ഹി ഫയർ സർവീസ് അറിയിച്ചു.
തീപിടിച്ച കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ വസ്ത്ര നിർമാണശാലയുടെ ഒരു ഗോഡൗൺ പ്രവർത്തിച്ചിരുന്നു. മറ്റ് മൂന്ന് നിലകൾ വാസയോഗ്യമാണ്. പുലർച്ചെ 3.50ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്ന് ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രാം ചന്ദ്ര ത്സാ (65), സുന്ദര്യ ദേവി (58) ഉദയ് ചൗധരി (33) ഇയാളുടെ ഭാര്യ മുസ്കാൻ (26), ഇവരുടെ കുട്ടികളായ അഞ്ജലി (10), ആദർശ് (7), ആറ് മാസം പ്രായമുള്ള തുളസി എന്നിവരാണ് മരിച്ചത്.കെട്ടിടത്തിലുണ്ടായിരുന്നു പൂജ ഇവരുടെ മക്കളായ ആരാധ്യ, സൗമ്യ എന്നിവരെ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.
കെട്ടിടത്തില്‍ അഗ്നി സുരക്ഷ ഉപകരണങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതായി അധികൃതർ പറഞ്ഞു. രണ്ടാം നിലയിലുണ്ടായ സിലിണ്ടർ സ്ഫോടനത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം ഭാഗികമായി തകർന്നതായും അധികൃതർ പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ച് വരികയാണ്. സംഭവ സമയത്ത് കെട്ടിടത്തിന്‍റെ ഉടമയായ അമർനാഥ് ഹരിദ്വാറിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.