ന്യൂഡൽഹി: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഡൽഹി ഡെവലപ്‌മെന്‍റ് അതോറിറ്റിയിലെ അസിസ്റ്റന്‍റ് ഡയറക്‌ടറെയും രണ്ട് ജീവനക്കാരെയും സിബിഐ അറസ്റ്റ് ചെയ്‌തു. ഡിഡിഎ അസിസ്റ്റന്‍റ് ഡയറക്ടർ സുധാൻഷു രഞ്ജൻ, യുഡിസി അജിത് ഭരദ്വാജ്, സെക്യൂരിറ്റി ഗാർഡ് ദർവാൻ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. പ്ലോട്ട് വിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ നൽകിയ പരാതിയിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു.
പ്ലോട്ട് വിൽക്കാനായി ഡിഡിഎയെ സമീപിച്ചപ്പോൾ നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. സിബിഐ ആസൂത്രണം ചെയ്‌ത പോലെ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കേസിലെ മറ്റ് പ്രതികളെയും പിടികൂടുകയായിരുന്നു. ഡൽഹിയിലെയും നോയിഡയിലെയും പ്രതികളുടെ ഓഫീസുകളിലും വീടുകളിലും സിബിഐ നടത്തിയ റെയ്‌ഡിൽ പല രേഖകളും കണ്ടെടുത്തു.