ഗുവഹത്തി: അസമിലെ പ്രധാന നഗരമായ ഗുവഹത്തിയിൽ സമൂഹ വ്യാപനം നടക്കുന്നതായി റിപ്പോർട്ട്. വാണിജ്യ നഗരമായ ഗുവഹത്തി യഥാർഥ മഹാമാരിയുടെ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്ന് ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 11 ദിവസത്തിനുള്ളിൽ കംരൂപ് മെട്രോ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 63ൽ നിന്ന് 2,741 ആയി ഉയർന്നു. ജൂൺ 28 മുതൽ കംരൂപ് മെട്രോയിൽ 14 ദിവസത്തേക്ക് പൂർണ ലോക്ക് ഡൗൺ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
11,001 പേർക്കാണ് ഇതുവരെ അസമിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4,241 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും 6,743 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. 4.55 ലക്ഷത്തിലധികം സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധനക്ക് വിധേയമാക്കിയത്. നീതി ആയോഗ് കണക്ക് പ്രകാരം കൊവിഡ് പരിശോധന അനുപാതത്തിൽ സംസ്ഥാനം മുൻനിരയിലാണ്. അസമിലെ റിക്കവറി നിരക്ക് 61.29 ശതമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.