ഗുവാഹത്തി: അസമിൽ വ്യാഴാഴ്ച രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുവാഹത്തിയിൽ നിന്നുള്ള 70കാരനും കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിലിന്‍റെ (കെഎഎസി) കാർഷിക വകുപ്പിൽ അഡീഷണൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന 56 കാരനുമാണ് മരിച്ചത്. മരിച്ച രണ്ട് പേരുടെയും ആരോഗ്യ നില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ 24 ആയി വർധിച്ചു.
സംസ്ഥാനത്ത് ഇതുവരെ 14,032 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,279 സജീവ കേസുകളുണ്ട്. 8,726 പേരെ സുഖം പ്രാപിച്ചതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം, കൊവിഡ് സ്ഥിരീകരിച്ച് സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലേന്ത്യാ മഹിളാ കോൺഗ്രസ് പ്രസിഡന്‍റ് സുസ്മിത ദേവ് ഇപ്പോൾ രോഗ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 362 പൊലീസ് ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.