ഗുവഹത്തി: പ്രളയം ദുരിതം വിതച്ച അസമില്‍ മരണം 120 കടന്നു. 27 സംസ്ഥാനങ്ങളിലെ 33 ജില്ലകളിലായി 25 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചതെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാറിന്‍റെ കണക്കുപ്രകാരം അസമിലെ 23 ജില്ലകളില്‍ നിന്നായി പ്രളയബാധിതരായി 24,76,431 ആളുകളാണുള്ളത്. പ്രളയ ദുരിതബാധിത മേഖലകളിലായി 437 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. ഗോല്‍പാറ ജില്ലയിലാണ് പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്‌ടം ഉണ്ടാക്കിയത്. 4.7 ലക്ഷം പേരാണ് ഇവിടെ പ്രളയകെടുതിയനുഭവിക്കുന്നത്. ബാര്‍പെട്ടയില്‍ നിന്നും 4.24 ലക്ഷം ആളുകളും മോറിഗോണില്‍ നിന്നും 3.75 ലക്ഷം ആളുകളും ദുരിതമനുഭവിക്കുന്നു.
കാസിരംഗ ദേശീയോദ്യാനത്തില്‍ നിന്നും 132 മൃഗങ്ങളാണ് ഇതുവരെ ചത്തൊടുങ്ങിയത്. ഇതില്‍ 14 കാണ്ടാമൃഗങ്ങളും, 5 കാട്ടുപോത്തുകളും, 8 കാട്ടുപന്നികളും, വിവധയിനത്തില്‍പ്പെട്ട 100 മാനുകളും, ഒരു മ്ലാവും, 3 മുള്ളന്‍പന്നിയും, ഒരു മലമ്പാമ്പും ഉള്‍പ്പെടുന്നു. പ്രളയത്തെ നേരിടാന്‍ സര്‍ക്കാറിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെയും, അസം ദുരന്തനിവാരണ സേനയെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ആളുകള്‍ക്ക് റേഷന്‍ മറ്റ് അവശ്യവസ്‌തുക്കള്‍ എന്നിവ ഇവര്‍ കൈമാറുന്നുണ്ട്. ഗുവഹത്തി, തെസ്‌പൂര്‍, ദുബ്രി, ഗോല്‍പാറ എന്നിവിടങ്ങളിലായി ബ്രഹ്‌മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. പോഷകനദികളായ ദന്‍സിരി, ജിയ ബറലി, കോപ്ലി, ബെക്കി, സങ്കോഷ്, ഗോലോകോഗഞ്ച് എന്നിവിടങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
ബിഹാറിലെ പ്രളയത്തില്‍ 11 ജില്ലകളാണ് ദുരിതത്തിലായത്. 15 ലക്ഷത്തിനടുത്ത് ആളുകളാണ് പ്രളയബാധിതരായി സംസ്ഥാനത്തുള്ളത്. 10 പേര്‍ ഇതുവരെ മരിച്ചതായി ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പ്രളയം രൂക്ഷമായി ബാധിച്ച ദര്‍ബാങ്ക ജില്ലയില്‍ 5.36 ലക്ഷം പേരാണ് ദുരിതമനുഭവിക്കുന്നത്. ജില്ലയിലെ ബിഷുന്‍പൂര്‍ ഗ്രാമത്തില്‍ മുട്ടോളം വെള്ളം കയറുകയും വീടുകളിലടക്കം വെള്ളമെത്തുകയും ചെയ്‌തു. 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 14,011 പേരാണ് ഉള്ളത്.
11 ജില്ലകളിലായി 423 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാ അധികൃതര്‍ അതീവ ജാഗ്രത പുലര്‍ത്തുകയും ദുരന്ത നിവാരണ സംഘങ്ങള്‍ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷണവിധേയമാക്കുകയും ചെയ്യുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെയും, സംസ്ഥാന ദുരന്തനിവാരണ ഉദ്യോഗസ്ഥരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും പ്രളയദുരിതബാധിതമേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും മുഖ്യമന്ത്രി നിതിഷ് കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗണ്ടക് നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.