കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ അസൻസോള്‍ നഗരത്തില്‍ തൃണമൂൽ കോൺഗ്രസ്സ് കൗൺസിലർ വെടിയേറ്റു മരിച്ചു. അസൻസോൾ മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് നമ്പർ 66ലെ കൗൺസിലർ മുഹമ്മദ് കാലിദ് ഖാനാണ്(40) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 11.40നാണ് ബൈക്കിൽ വന്ന മൂവർ സംഘം മുഹമ്മദ് കാലിദിന് നേരെ വെടിയുതിർത്തത്.
രാത്രിഭക്ഷണത്തിനു ശേഷം നടക്കാനിറങ്ങിയ ടി.എം.സി കൗൺസിലറിന്‍റെ നെഞ്ചിലും കാലിലുമാണ് അക്രമികൾ വെടിവെച്ചത്. സമീപവാസികൾ കാലിദിനെ അസൻസോൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അസൻസോൾ മേയർ ജിതേന്ദ്ര തിവാരിയും ടി.എം.സി നേതാക്കളും വിവരമറിഞ്ഞതിനെത്തുടർന്ന് ആശുപത്രിയിൽ എത്തി. കാലിദിന്‍റെ മൂന്ന് ബന്ധുക്കൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. കാദിർ ഷെയ്ക്, ടിങ്കു, ഷാഹിദ് ഷെയ്ക് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഒൻപത് മണിവരെ പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.