ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും ആൾക്കൂട്ടാക്രമണത്തിൽ മരിച്ച തബ്രെസ് അൻസാരിയുടേയും കൊലപാതകത്തിന് പിന്നിലെ പ്രത്യയ ശാസ്ത്രത്തേക്കാൾ അപമാനം രാജ്യത്തിന് വേറെയില്ലെന്ന് ഓള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. നമുക്ക് ഗോഡ്സെ സ്നേഹിയായ ഒരു എം.പിയുണ്ട്. ഇത് ഇന്ത്യക്ക് വലിയ അപമാനമൊണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ മുഴുവന്‍ ആള്‍കൂട്ടക്കൊലകളായി കാണുന്നത് ഹിന്ദുസമൂഹത്തെയും അപമാനിക്കാനും ഭീതി പടര്‍ത്താനുമാണെന്നും ഭാരതത്തെ സംബന്ധിച്ചിടത്തോളം ആള്‍കൂട്ടക്കൊലപാതകം എന്നൊന്നില്ലെന്നും മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അസദുദ്ദീന്‍ ഒവൈസി. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇല്ലാതാക്കും എന്നല്ല നടക്കുന്ന സംഭവങ്ങള്‍ പുറത്ത് പറയരുതെന്നാണ് മോഹന്‍ ഭാഗവത് പറയുന്നത് എന്നും ഒവൈസി പറഞ്ഞു.
ഈ വർഷം ജൂണിൽ ജാർഖണ്ഡിലെ ഖർസവാൻ ജില്ലയിൽ മോഷണം നടത്തിയെന്ന സംശയത്തെത്തുടർന്നാണ് തബ്രെസിനെ ഒരു ജനക്കൂട്ടം ആക്രമിച്ചത്. നാല് ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രിയിൽ മരിച്ചു. സെപ്റ്റംബറിൽ തബ്രെസ് അൻസാരി കേസിലെ 13 പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി.