ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് രാവിലെ 10 മണിക്ക് ചരിത്ര പ്രസിദ്ധമായ രാം ലീല മൈതാനിയിലാണ് ചടങ്ങ് നടക്കുക. ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല.
ബി.ജെ.പിക്കും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രഹരമേല്‍പ്പിച്ച് തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി പദവിയിലേക്ക് കെജ‌്‌രിവാള്‍ എത്തുന്നത്. 70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ 62 സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. മുഖ്യമന്ത്രിമാരെയോ രാഷ്ട്രീയനേതാക്കളെയോ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിട്ടില്ല. എന്നാല്‍ ബി.ജെ.പിയുടെ എട്ട് എം.എല്‍.എമാര്‍ക്കും എഴ് എം പിമാര്‍ക്കും ക്ഷണമുണ്ട്.
അതേസമയം ഡല്‍ഹിയിലെ ജനങ്ങള്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമെന്ന് എ.എ.പി ഓഫീസ് അറിയിച്ചു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി അന്‍പത് വിശിഷ്ടാഥിതികള്‍ കെജ്‌രിവാളിനൊപ്പം വേദി പങ്കിടും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സഹായിച്ചവരുടെ പ്രതിനിധികളെയാണ് ചടങ്ങില്‍ ക്ഷണിച്ചത്. യഥാര്‍ഥ വിജയശില്‍പികള്‍ ഇവരാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചതെന്നും എ.എ.പി അറിയിച്ചു.
കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദ്ര കുമാർ ജെയിൻ, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര പാൽ ഗൗതം, കൈലാഷ് ഗഹലോട്ട് എന്നിവരും കെജ്‌രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും. മൂന്നാം വട്ടവും മുഖ്യമന്ത്രിയാകുന്ന അരവിന്ദ് കെജ്‍രിവാളിന്‍റെ സ്ഥാനാരോഹണം വലിയ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാർട്ടി പ്രവർത്തകർ. വന്‍ ജനസാന്നിധ്യമാണ് ചടങ്ങില്‍ പ്രതീക്ഷിക്കുന്നത്. കേന്ദ്രസേനയുടെയും ഡല്‍ഹി പൊലീസിന്‍റെയും മൂവായിരം സേനാംഗങ്ങള്‍ സുരക്ഷയൊരുക്കും. ഉച്ചയ്ക്ക് രണ്ട് മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തവണയും വനിത പ്രാതിനിധ്യമില്ലാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.