എറണാകുളം: കേരളത്തിലെ സീപ്ലെയിൻ പദ്ധതിയാണ് ഇപ്പോള്‍ സംസാര വിഷയം. സീപ്ലെയിൻ ആനയെ പേടിപ്പിക്കുമോ?. കേരളത്തിലെ ആദ്യ സീപ്ലെയിൻ പദ്ധതിയെ പൂട്ടിച്ചതാര്?. ഇങ്ങനെ തുടങ്ങി പദ്ധതി നടപ്പാക്കുന്നതിന് വെല്ലുലിളികള്‍ ഏറെയാണ്.
കേരളത്തിലാദ്യമായി സീപ്ലെയിൻ എത്തിച്ച ക്യാപ്റ്റൻ സൂരജ് ജോസിന് പറയാനുള്ളത് സീ പ്ലെയിൻ സംരഭത്തിൻ്റെ കഥയാണ്. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്കയിൽ നിന്ന് കേരളത്തിലേക്ക് സീപ്ലെയിൻ പറത്തി വന്ന കൊച്ചി സ്വദേശിയാണ് ക്യാപ്റ്റൻ സൂരജ്. സീപ്ലെയിൻ പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുമ്പോൾ താൻ നേരിട്ട തിക്താനുഭവങ്ങൾ ഒർമ്മിക്കുകയാണ് അദ്ദേഹം.
വ്യോമായന മേഖലയിൽ പൈലറ്റും പരിശീലകനുമായി മൂന്ന് പതിറ്റാണ്ടിലേറെയായി ക്യാപ്റ്റൻ സൂരജ് സജീവമാണ്. പതിനഞ്ച് വർഷം മുമ്പ് ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ സർവീസ് കേന്ദ്ര സർക്കാർ ആരംഭിച്ചപ്പോൾ പ്രധാന ചുമതല വഹിച്ചതും ക്യാപ്റ്റൻ സൂരജ് ജോസായിരുന്നു. കേവലം ആറുമാസം കൊണ്ടായിരുന്നു പദ്ധതി അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് യാഥാർഥ്യമാക്കിയത്.
ക്യാപ്റ്റൻ സൂരജ് മൂന്ന് വർഷം ആന്തമാനിൽ സീപ്ലെയിൻ പറത്തി. ഇതിനിടെയായിരുന്നു എന്ത് കൊണ്ട് കേരളത്തിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കി കൂടായെന്ന് ചിന്തിച്ച് തുടങ്ങിയത്. ഇതിനിടെ പദ്ധതിക്ക് പ്രാഥമികമായ അനുമതി നേടി. കമ്പനി തുടങ്ങാൻ സിവിൽ എവിയേഷൻ മിനിസ്ട്രിയിൽൽ നിന്നും എൻഒസിയും ലഭിച്ചു. ഇതിൻ്റെ തുടർച്ചയായാണ് ക്യാപ്റ്റൻ സൂരജ് ജോസും സുഹൃത്തായ ക്യാപ്റ്റൻ സുധീഷ് ജോർജും മറ്റു നാല് നിക്ഷേപകരും ചേർന്ന് 2012-ൽ കൊച്ചി ആസ്ഥാനമായി സീബേർഡ് സീപ്ലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. കേരളത്തിൽ നിന്നും ആദ്യമായി സീപ്ലെയിൻ സർവീസ് ആരംഭിക്കാൻ ഇറങ്ങി പുറപ്പെട്ടത് വേദന നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ക്യാപ്റ്റൻ സൂരജ് ജോസ് ഇടിവി ഭാരതിനോട് പറഞ്ഞു.
വലിയ പ്രതീക്ഷയോടെയായിരുന്നു ഇത്തരമാരു പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. ആന്തമാനിൽ സീപ്ലെയിൻ പറത്തിയ അനുഭവ സമ്പത്തുമായാണ് കേരളത്തിൽ നിന്നും ലക്ഷദ്വീപിലേക്ക് സീപ്ലെയിൻ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നു കരുതി രംഗത്തിറങ്ങിയത്. പദ്ധതി പ്രധാനമായും ലക്ഷദ്വീപിൽ നിന്നുള്ള യാത്രക്കാരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കേരള മാർക്കറ്റും ഭാവിയിൽ പ്രതീക്ഷിച്ചു.
സീപ്ലെയിൻ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് സീപ്ലെയിൻ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് സീപ്ലെയിൻ കേരളത്തിലെത്തിച്ചു. ക്യാപ്റ്റൻ സൂരജ് ജോസും ക്യാപ്റ്റൻ സുധീഷ് ജോർജും അമേരിക്കയിൽ നിന്നും കൊച്ചിയിലേക്ക് പറത്തുകയായിരുന്നു. തുടർന്ന് സീപ്ലെയിന് രജിസ്ട്രേഷനും ലഭിച്ചു.
പുതിയ എയർക്രാഫ്റ്റ് ആയതിനാൽ പൈലറ്റ്, എഞ്ചിനീയർ, ഡിജിസിഎ ഒഫ്ഷ്യൽസിനെയും പരിശീലിപ്പിച്ചു. തൊണ്ണൂറ്റിയൊമ്പത് ശതമാനം അനുമതിയും ലഭിച്ചു. എന്നാൽ കൊമേഷ്യൽ ഓപ്പറേഷനുള്ള അനുമതി ലഭിച്ചില്ല. ഒരോരോ കാരണം പറഞ്ഞ് അനുമതി നീണ്ടു പോയതോടെയാണ് സ്വപ്‌ന പദ്ധതിയിൽ നിന്നും പിന്മാറിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒരു പരിധി കഴിഞ്ഞതോടെ സാമ്പത്തികമായി പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെയാണ് കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വന്നതെന്നും ക്യാപ്റ്റൻ സൂരജ് ജോസ് വ്യക്തമാക്കി. പത്ത് വർഷം മുമ്പ് 15 കോടിയോളം രൂപയ്ക്കായിരുന്നു യുഎസ് ആസ്ഥാനമായ ക്വസ്റ്റ് എന്ന കമ്പനിയിൽ നിന്ന് കോഡിയാക് 100 ശ്രേണിയിലെ നയന്‍സീറ്റർ വിമാനം വാങ്ങിയത്. പദ്ധതിയിൽ നിന്നും പിന്മാറേണ്ടി വന്നതോടെ സാമ്പത്തികമായി വലിയ നഷ്‌ടമാണ് നിക്ഷേപകരായ എല്ലാവർക്കും സംഭവിച്ചത്. എന്നാൽ അന്ന് തങ്ങൾ നടപ്പിലാക്കാൻ ഇറങ്ങി തിരിച്ച് കൈപൊള്ളിയ പദ്ധതി ഇന്ത്യ മുഴുവൻ തുടങ്ങാൻ പോകുന്നുവെന്ന് അറിയുന്നതിൽ ക്യാപ്റ്റൻ സൂരജ് ജോസിന് സന്തോഷമേയുള്ളൂ.
സീപ്ലെയിൻ സംബന്ധിച്ച് വ്യക്തമായ നിയമങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ആദ്യ സീപ്ലെയിൻ പദ്ധതിയുടെ ചിറകരിഞ്ഞത്. ഡിജിസിഎ സാധാരണ വലിയ വിമാനങ്ങൾക്ക് ബാധകമായ നിയമങ്ങൾ സീ പ്ലെയിനിന് മേൽ അടിച്ചേല്‍പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് സീപ്ലെയിൻ ലക്ഷദ്വീപിലെ വാട്ടർ ഡ്രോമിൽ ഇറക്കാനുള അനുമതി ലഭിക്കാതെ പോയത്.
സീപ്ലെയിൻ ഉൾപ്പടെയുള്ള ചെറുവിമാനങ്ങൾക്കായുള്ള പര്യാപ്‌തമായ നിയമങ്ങൾ ഇപ്പോഴും ഇന്ത്യയിലില്ല. അമേരിക്ക, ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലുള്ള നിയമങ്ങൾ പകർത്തി, ചെറിയ മാറ്റങ്ങൾ വരുത്തി രാജ്യത്ത് നടപ്പാക്കിയാൽ മാത്രം മതിയെന്നും ക്യാപ്റ്റൻ സൂരജ് അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതി യാഥാർഥ്യമാക്കാൻ സഹായം തേടി ക്യാപ്റ്റൻ സൂരജും സഹപ്രവർത്തകരും കേരള സർക്കാറിനെ സമീപിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും പിണറായി വിജയനും താല്‍പര്യം കാണിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥന്മാർ വേണ്ട രീതിയിൽ സഹകരിച്ചില്ലന്നാണ് വിമർശനം. രാഷ്‌ട്രീയക്കാരേക്കാൾ ഉദ്യോഗസ്ഥരാണ് സംരഭത്തിന് തടസം സൃഷ്‌ടിച്ചതെന്നാണ് ക്യാപ്റ്റൻ സൂരജിൻ്റെ അനുഭവം.
സീപ്ലെയിനും പരിസ്ഥിതിയും
ലോകത്ത് എവിടെയും പാരിസ്ഥിതിക പഠനങ്ങൾ നടത്തിയാണ് സീപ്ലെയിൻ പദ്ധതി തുടങ്ങിയത്. എന്നാൽ പരിസ്ഥിതിക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടത്തിയിട്ടില്ല. മോട്ടോർ ബോട്ട് പോകുന്ന സ്ഥലത്ത് എല്ലാം അവർ അനുമതി നൽകുന്നുണ്ട്. അമേരിക്കയിലെ പരിസ്ഥിതി മന്ത്രാലയം ഇരുപത് സീപ്ലെയിൻ ഉപയോഗിക്കുന്നുണ്ട്. ഗവേഷണ പ്രവർത്തനങ്ങൾക്കും വനത്തിൽ എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ എത്തിച്ചേരാനും ഉപയോഗിക്കുന്നതിനായാണിത്.
സീപ്ലെയിൻ പറന്നാൽ ആന പേടിക്കുമോ?
വർഷങ്ങളായി നമ്മുടെ വനത്തിൽ കഴിയുന്ന ആന ഇടി വെട്ടുമ്പോൾ പേടിച്ച് പോയിട്ടില്ല. ഈച്ച പറക്കുന്ന ശബ്‌ദമുണ്ടാക്കി പറക്കുന്ന സീപ്ലെയിൻ ആനയ്ക്ക് പ്രശ്‌നമാവില്ല. കേരളത്തിൽ ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കാൻ ആർക്കും താല്‍പര്യമില്ല. സീപ്ലെയിൻ ഡെമോ നടത്തിയപ്പോൾ തന്നെ പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്.
ഏഴായിരം അടിക്കും പതിനായിരം അടിക്കുമിടയിലാണ് സീപ്ലെയിൻ പറത്തുന്നത്. താഴെ ഭംഗിയായി കാണാൻ കഴിയും. ഒരിക്കൽ കാനഡയിൽ വനത്തിന് മുകളിലൂടെ പറക്കുമ്പോൾ പുക കണ്ടതിനെ തുടർന്ന് അതിനടുത്തേക്ക് പോയി നോക്കി. അപ്പോഴാണത് കാട്ടുതീയാണെന്ന് മനസിലാക്കുകയും വിവരം ബന്ധപെട്ട വരെ അറിയിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള എക്സ്പീരിയൻസുകളുണ്ട്. ഇതിന് പുറമെ എവിടെ വേണമെങ്കിലും ഇറക്കാൻ കഴിയും. ഒരു കിലോമീറ്ററിൽ കുറവ് സ്ഥലം മതിയാകും.
ആദ്യത്തെ സീപ്ലെയിനിനെ എന്ത് ചെയ്‌തു?
കൊച്ചി എയർപോർട്ടിൽ നിന്നും ലക്ഷദ്വീപിലേക്കുളള യാത്രാ സർവീസിന് അനുമതി ലഭിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിർത്തിയിടുകയായിരുന്നു. ഇതോടെ പാർക്കിങ് ഫീസായിമാത്രം ലക്ഷങ്ങൾ നൽകേണ്ട സാഹചര്യമുണ്ടായി. പാർക്കിങ് ഫീസ് ഇനത്തിൽ നൽകേണ്ട നാല് ലക്ഷത്തിലധികം രൂപയും കുടിശികയായി. ഇതിനിടെ ബാങ്ക് വായ്‌പയിനത്തിൽ ഫെഡറൽ ബാങ്കിന് നൽകാനുള്ള പൈസ ആറു കോടിയിലധികമായിരുന്നു.
വായ്‌പ തിരിച്ച് അടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടികളിലേക്ക് കടന്നു. ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ ബാങ്ക് സമീപിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലേക്ക് വലിയ സ്വപ്‌നങ്ങളുമായെത്തിയ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്‌തി ചെയ്‌തു. രാജ്യത്ത് തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരുന്നു.
ബാങ്ക് മലയാള പത്രങ്ങളിലടക്കം പരസ്യ നൽകി സീപ്ലെയിൻ ലേലത്തില്‍ വിൽക്കുകയും ചെയ്‌തു. ഒരു യുഎസ് ഡീലർ ലേലത്തിലൂടെ സ്വന്തമാക്കിയ സീപ്ലെയിൻ പാർട്‌സുകളാക്കി കണ്ടെയ്‌നറിൽ കേരളത്തിൽ നിന്നും കൊണ്ടു പോവുകയായിരുന്നു. ഇതോടെ ആകാശം മുട്ടെ സ്വപ്‌നങ്ങളുമായി കേരളത്തിൽ പറന്നിറങ്ങിയ സീപ്ലെയിൻ, ഒരുകണ്ടെയ്‌നറിൽ ഒതുങ്ങി കേരളം വിടുകയായിരുന്നു. ഇതിനു തന്നെ രണ്ട് വർഷം സമയമെടുത്തിരുന്നു.
Read More: സീ പ്ലെയിന്‍ പദ്ധതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് മത്സ്യ തൊഴിലാളി സംഘടനകൾ ▶വീഡിയോ