പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു എ സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം എബിവിപി പ്രവർത്തകർ പ്രിൻസിപ്പാളിൻ്റെ മുറിക്കുള്ളിൽ കൊടി വീശി പ്രതിഷേധിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ന് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടന്ന് കോളജ് ക്യാംപസിലേക്ക് തള്ളിക്കയറിയത് പൊലീസുമായുള്ള സംഘർഷത്തിനിടയാക്കി. സഹപാഠികളുടെ മാനസിക പീഡനത്തെപ്പറ്റി പ്രിൻസിപ്പാളിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതിരുന്നതാണ് അമ്മു ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ വിദ്യാർഥിനിക്ക് ചികിത്സ നൽകുന്നതിലടക്കം പിഴവുണ്ടായതായും ബന്ധുക്കൾക്ക് പരാതിയുണ്ട്.
ഗുരുതരമായ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച അമ്മുവിന് ചികിത്സ നൽകുന്നതിൽ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചതായും വിദഗ്‌ധ ചികിത്സക്കായി മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ വൈകി സമയം നഷ്‌ടപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിക്കുന്നു. കൂടാതെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് അയച്ചത് ബന്ധുക്കളുടെ നിർദേശപ്രകാരമാണെന്ന വാദവും മരിച്ച വിദ്യാർഥിനിയുടെ ബന്ധുക്കൾ നിഷേധിച്ചു.
ഇത്രയും ഗുരുതരമായ പരിക്കുകളുണ്ടായിരുന്ന കുട്ടിയെ ഏറ്റവുമടുത്ത് വിദഗ്‌ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഓക്‌സിജൻ നൽകാനുള്ള സംവിധാനം പോലും ഇല്ലാത്ത ആംബുലൻസിലാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതെന്നും ബന്ധുക്കൾക്ക് ആക്ഷേപമുണ്ട്.