ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 നിരീക്ഷണ കേന്ദ്രങ്ങളിൽ ഏറ്റവും വലുതാണ് ഡൽഹിയിലെ നരേല ക്വാറന്‍റൈന്‍ സെന്‍റര്‍. കൊവിഡ് വ്യാപനം വൻ തോതിൽ ഉയർന്നതോടെയാണ് ഡൽഹി സർക്കാർ മാർച്ച് പകുതിയോടെ ഈ കേന്ദ്രം സ്ഥാപിച്ചത്. തുടക്കത്തിൽ 250 വിദേശ പൗരന്മാരെയാണ് ഇവിടെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്. പിന്നീട് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 1000 പേരെകൂടി താമസിപ്പിച്ചു.
ഏപ്രിൽ ഒന്ന് മുതൽ കരസേന ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫുകളും നരേല ക്വാറൻറൈൻ സെന്‍റര്‍ സഹായത്തിനായി എത്തുന്നുണ്ട്. രാവിലെ 8:00 മുതൽ വൈകുന്നേരം 8:00 വരെ കരസേന അംഗങ്ങളാണ് ഇവിടെ നിരീക്ഷണത്തിൽ കഴിയുന്നവരെ പരിപാലിക്കുന്നത്.
ആറ് മെഡിക്കൽ ഓഫീസർമാരും 18 പാരാമെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടുന്ന 40 ഉദ്യോഗസ്ഥരടങ്ങുന്ന കരസേന സംഘം നിരീക്ഷണ കേന്ദ്രത്തിനടുത്ത് തന്നെ താമസിക്കാൻ സന്നദ്ധത അറിയിച്ചു. ആർമി മെഡിക്കൽ ടീമിന്‍റെ പ്രൊഫഷണൽ സമീപനം അന്തേവാസികൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ ഇവിടെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 932 പേരാണ് നിരീക്ഷണത്തിലുള്ളത്.