ന്യൂഡല്‍ഹി: അതിര്‍ത്തികളുടെ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. നമ്മുടെ സൈന്യം കഴിവുള്ളവരാണ്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ അവർ പ്രാപ്തരാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഓഫ് ഡിഫന്‍സ് എസ്റ്റേറ്റ്സ് മാനേജ്മെന്‍റില്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.
പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ ഒരു സൈനികനും സ്ത്രീക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ നിയമലംഘനങ്ങളോട് ഇന്ത്യന്‍ സൈന്യം പീരങ്കി,മോര്‍ട്ടാര്‍, തീ എന്നിവ ഉപയോഗിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു.
നിയന്ത്രണരേഖയിലെ സ്ഥിതി വഷളാകാമെന്നും ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തയ്യാറാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ ജമ്മു കശ്മീര്‍ മേഖലയിലെ നിയന്ത്രണ രേഖയില്‍ 950 വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടന്നതായി കേന്ദ്രം ഈ മാസം ആദ്യം രാജ്യസഭയെ അറിയിച്ചിരുന്നു.