ശ്രീനഗര്‍: അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്ത്യന്‍ കരസേനയ്ക്കും അതിര്‍ത്തി രക്ഷാ സേനയ്ക്കും നിര്‍ദ്ദേശം. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പഞ്ചാബിലേക്ക് ആയുധം കടത്തി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതിര്‍ത്തിയില്‍ അതി സുരക്ഷയുടെ ഭാഗമായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്ത് കിലോ ഭാരം വഹിക്കാന്‍ കഴിയുന്ന ചൈനീസ് നിര്‍മിത ജിപിഎസ് ഡ്രോണുകള്‍ വഴി ഏഴ് മുതല്‍ എട്ട് തവണ വരെ ആയുധങ്ങള്‍ കടത്തി എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. വെടിമരുന്ന്, ആയുധങ്ങള്‍, വ്യാജ നോട്ടുകള്‍ എന്നിവയാണ് കടത്തിയത്. പഞ്ചാബിലെ ടാന്‍ ടറാന്‍ ജില്ലയിലേക്കാണ് ആയുധങ്ങള്‍ കടത്തിയതെന്നും പൊലീസ് അറിയിച്ചു.
ഇതോടെ അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും നിരീക്ഷണം ശക്തമാക്കി. ജമ്മു, സാമ്പ, കത്വ, രാജൗരി, പൂഞ്ച്, ബാരാമുള്ള, കുപ്വാമ, ജില്ലകളിലാണ് അതിര്‍ത്തി രക്ഷാസേന കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടങ്ങളില്‍ ആകാശ നിരീക്ഷണവും ശക്തമാക്കാന്‍ സേനക്ക് നിര്‍ദ്ദേശം നല്‍കിയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. മാത്രമല്ല നദികള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം തടയുന്നതിള്ള ക്രമീകരണങ്ങളും ശക്തിപ്പെടുത്തി.