അമരാവതി: ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനമായ അമരാവതിയുടെ വികേന്ദ്രീകരണത്തിൽ തീരുമാനമെടുക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇത് സംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. ധനമന്ത്രി ബുഗ്ഗ രാജേന്ദ്രനാഥ് റെഡ്ഡിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ചരിത്രപരമാണെന്ന് വിലയിരുത്തിയ ധനമന്ത്രി എല്ലാ പ്രദേശങ്ങളുടെയും വികസനം ഉറപ്പാക്കാൻ മൂന്ന് ഭരണ സീറ്റുകൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. അമരാവതി മെട്രോപൊളിറ്റൻ മേഖല സംസ്ഥാനത്തിന്‍റെ നിയമനിർമാണ തലസ്ഥാനമായിരിക്കും. വിശാഖപട്ടണം മെട്രോപൊളിറ്റൻ മേഖല എക്സിക്യൂട്ടീവ് തലസ്ഥാനമായിരിക്കും. സെക്രട്ടേറിയറ്റ് അമരാവതിയിൽ നിന്ന് തുറമുഖ നഗരത്തിലേക്ക് മാറ്റും. കര്‍നൂല്‍ ജുഡീഷ്യൽ തലസ്ഥാനമായിരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തെ എതിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയും തെലുങ്കു പാര്‍ട്ടിയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു. അമരാവതിയെ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് ചലോ അസംബ്ലി പരിപാടി നടക്കുന്നുണ്ട്. ഇതനുസരിച്ച് ക്രമസമാധാനം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അമരാവതിയില്‍ പൊലീസ് സേനയെ വിന്യസിച്ചു. അമരാവതിയില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് വസതിയിൽ നിന്ന് നിയമസഭയിലെത്താൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മന്ത്രിസഭാ യോഗം രാവിലെ ഒമ്പതിനും ബിസിനസ് ഉപദേശക സമിതി യോഗം രാവിലെ പത്തിനും നിയമസഭാ സമ്മേളനം രാവിലെ പതിനൊന്നിനും ആരംഭിക്കും. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങൾ എന്ന ആശയത്തിനെതിരെ ടിഡിപി രംഗത്ത് വന്നിട്ടുണ്ട്. മൂന്ന് തലസ്ഥാനങ്ങളുടെ നിർദേശം പരിശോധിക്കാൻ ജിഎൻ റാവു കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.