അമരാവതി: സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിര്‍ത്തലാക്കാനുള്ള നിര്‍ദേശത്തിന് ആന്ധ്രാപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. മൂന്ന് തലസ്ഥാനങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം കൗണ്‍സിലില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം. കൗണ്‍സിലിന്‍റെ ആവശ്യകത ചോദ്യം ചെയ്ത് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി തന്നെ രംഗത്തെത്തിയിരുന്നു. 175 അംഗ നിയമസഭയില്‍ 151 സീറ്റ് ഭൂരിപക്ഷമുള്ള വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിക്കും. കൗണ്‍സില്‍ റദ്ദാക്കണമെങ്കില്‍ നിയമസഭയില്‍ കുറഞ്ഞത് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണം.
സഭയില്‍ പാസായാല്‍ പ്രമേയം ഗവര്‍ണറുടെയും കേന്ദ്രത്തിന്‍റേയും അംഗീകാരത്തിനായി അയക്കും. തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ പരിഗണനക്ക് വിടും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെയുള്ള കാലയളവില്‍ കൗണ്‍സില്‍ പ്രവര്‍ത്തനം തുടരും. 58 അംഗ ലെജിസ്ളേറ്റീവ് കൗണ്‍സിലില്‍ ഒന്‍പത് അംഗങ്ങളാണ് ഭരണപക്ഷമായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനുള്ളത്. നേരത്തേ തലസ്ഥാന രൂപീകരണം ഉള്‍പ്പെടെയുള്ള രണ്ട് ബില്ലുകള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.എ ഷരീഫ് സെലക്ട് കമ്മിറ്റിക്ക് വിട്ടത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.
ആര്‍ട്ടിക്കിള്‍ 169 പ്രകാരം രാജ്യത്ത് ആറ് സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ളത്. തെലങ്കാനയിലാണ് നിയമസഭയുടെ ഉപരിസഭയായ കൗണ്‍സില്‍ ഏറ്റവുമൊടുവില്‍ രൂപീകരിച്ചത്.