ന്യൂഡല്‍ഹി: മുൻ എംഎല്‍എയും സിഖ് കലാപ കേസിലെ പ്രതിയുമായ മഹേന്ദർ യാദവ് (70) കൊവിഡ് ബാധിച്ച് മരിച്ചു. മൺഡോലി ജയിലില്‍ തടവ് ശിക്ഷയിലായിരുന്ന മഹേന്ദർ യാദവ് കൊവിഡ് മൂലം ചികിത്സയിലായിരുന്നു. ജൂൺ 26നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാലം നിയോജക മണ്ഡലത്തിലെ മുൻ എംഎല്‍എ ആയിരുന്ന യാദവ് 1984ലെ സിഖ് കലാപ കേസുമായി ബന്ധപ്പെട്ട് പത്ത് വർഷം തടവ് ശിക്ഷയ്ക്കാണ് വിധിച്ചത്. മണ്ഡോലി ജയിലിലെ സെല്‍ നമ്പർ പത്തിലാണ് പാർപ്പിച്ചിരുന്നത്.
കേസിലെ മറ്റൊരു പ്രതി കാൻവർ സിംങും കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശാരീരിക അസ്വസ്ഥതയും ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടർന്നാണ് യാദവിനെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറഞ്ഞു. ആരോഗ്യനില വഷളായതോടെ യാദവിനെ എല്‍എൻജിപി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കുടുംബം ആവശ്യപ്പെട്ടതോടെ പൊലീസ് സംരക്ഷണയില്‍ ജൂൺ 30ന് യാദവിനെ വിദഗ്‌ധ ചികിത്സയ്ക്കായി ദ്വാരകയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡിജിപി പറഞ്ഞു.
സിഖ് കലാപ കേസുമായി ബന്ധപ്പെട്ട് ഡിസംബർ 2018നാണ് യാദവിനെ തടവിലാക്കിയത്. കേസിലെ പ്രതിയായ കാൻവർ സിംഗ് ജൂൺ 15നാണ് ഉറക്കത്തില്‍ മരിച്ചത്. പിന്നീട് ഇയാളുടെ കൊവിഡ് ഫലം പോസ്റ്റീവായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.