ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായി. മേഖലയില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ അക്രമാസക്‌തമായതിനെത്തുടര്‍ന്ന് ദിബ്രുഗര്‍ ജില്ലയില്‍ എര്‍പ്പെടുത്തിയ കര്‍ഫ്യൂ ഭാഗികമായി പിന്‍വലിച്ചിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ ആറ് മണി മുതല്‍ 16 മണിക്കൂര്‍ സമയം കര്‍ഫ്യൂ ബാധകമല്ല.
അസം സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സമാധാനപരമാണ്. ഗുവാഹത്തിയിലാണ് ഇപ്പോള്‍ കൂടുതലായും പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഒമ്പത് ദിവസത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്‌ചയാണ് സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്. ബ്രോഡ്‌ബാന്‍റ് സേവങ്ങള്‍ ഡിസംബര്‍ 18 മുതല്‍ പുനസ്ഥാപിച്ചിരുന്നു.