ബെംഗളൂരൂ: ബിജെപി സര്‍ക്കാരിനെതിരെ പ്രചാരണ റാലി സംഘടിപ്പിക്കാനൊരുങ്ങി ഇടതുപക്ഷ പാര്‍ട്ടികള്‍. ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ ഇടതുപാര്‍ട്ടികളും ചേര്‍ന്ന് പ്രചാരണ റാലി സംഘടിപ്പിക്കാനാണ് തീരുമാനം. എൻആർസി-എൻപിആർ-സിഎഎ എന്നിവക്കെതിരെ ശക്തമായി പോരാടുകയാണ് റാലിയുടെ ലക്ഷ്യം. പൗരത്വ പ്രതിഷേധത്തെ പിന്തുണച്ച് ഇടത് പാര്‍ട്ടികള്‍ വന്‍ റാലികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സിപിഐ നേതാവ് ഡി. രാജ ഇടിവി ഭാരതിനോട് പറഞ്ഞു.
ജനുവരി എട്ട് വരെയാണ് റാലികള്‍ സംഘടിപ്പിക്കുന്നതെന്ന് ഡി. രാജ വ്യക്തമാക്കി. ബെംഗളൂരില്‍ സിപിഐയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഭീഷണിപ്പെടുത്തുന്നതിലൂടെയും ഭയപ്പെടുത്തുന്നതിലൂടെയും സിപിഐയെ തകർക്കാൻ കഴിയുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.