ഉത്തര്‍പ്രദേശ്: ഹത്രാസ് കൂട്ട ബലാത്സംഗ കേസ് രാജ്യമെങ്ങും ചര്‍ച്ച ചെയ്യുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തുവരുന്നു. 15 ദിവസം മുമ്പ് ഉത്തർപ്രദേശിലെ അലിഗഡിൽ ബലാത്സംഗത്തിനിരയായ ആറുവയസ്സുകാരി മരണത്തിന് കീഴടങ്ങിയിരിക്കുന്നു. കുട്ടി മരിച്ചതോടെ ബന്ധുക്കള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. അമ്മ മരിച്ചതോടെ ഒറ്റപ്പെട്ട കുട്ടി അമ്മായിയുടെ വീട്ടിലായിരുന്നു താമസം. അവിടെ വെച്ച് സെപ്തംബര്‍ 14ന് ബന്ധു ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ അലിഗഡ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നിന്നും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെവെച്ച് മരണപ്പെടുകയും ചെയ്തു.
മാനസിക വൈകല്യമുള്ള പ്രതിയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങളുടെ പരാതി പൊലീസ് കണക്കിലെടുക്കുന്നില്ലെന്നും പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം അധികൃതരുടെ അനാസ്ഥക്കെതിരെ പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുടുംബം റോഡ് ഉപരോധിച്ചു. കോട്‌വാലി സദാബാദ് മേഖലയിലെ ജാട്ടോയ് ഗ്രാമത്തിലാണ് പ്രതിഷേധം നടന്നത്. ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം പറഞ്ഞു. അതേസമയം, എഡിഎമ്മുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കുടുംബത്തിന്‍റെ ആവശ്യമനുസരിച്ച് ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തതായി അലിഗഡിലെ അഡീഷണൽ എസ്പി അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കിള്‍ ഓഫീസര്‍ ബ്രഹ്മദേവ് അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം സംസ്‌കരിക്കാൻ പ്രതിഷേധിക്കുന്ന കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബര്‍ 14 ന് ഹത്രാസില്‍ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ചിരുന്നു. വീട്ടുകാര്‍ക്കൊപ്പം വയലില്‍ പുല്ല് പറിക്കാന്‍ പോയ 19 കാരിയെ ഷോള്‍ കഴുത്തില്‍ ചുറ്റി വലിച്ചിഴച്ച് കൊണ്ടുപോയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്.