ചെന്നൈ: തമിഴ്‌നാട്ടിൽ പൊലീസ് മർദനം ആരോപിച്ച് യുവാവ് രംഗത്ത്. തൂത്തുക്കുടി സാത്താങ്കുളം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് ആരോപണം. തൂത്തുക്കുടി കസ്റ്റഡി മരണ കേസ് കെട്ടടങ്ങും മുൻപാണ് ആരോപണവുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. സാത്താങ്കുളം തയ്ക്ക സ്വദേശി മാർട്ടിനാണ് ആരോപണം ഉന്നയിച്ചത്. ഓഗസ്റ്റ് 23 ന് ഇൻസ്പെക്‌ടർ സേവ്യറും അസിസ്റ്റന്‍റ് ഇൻസ്പെക്‌ടർ രാജയും ചേർന്ന് തന്നെ മർദിച്ചതായി മാർട്ടിൻ പറഞ്ഞു.
താൻ പൊലീസ് മർദനത്തിന് ഇരയാവുകയായിരുന്നുവെന്നും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് തൻ്റെ അഭിഭാഷകൻ വാദിച്ചതിന് ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും മാർട്ടിൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മാർട്ടിൻ്റെയും കുടുംബത്തിൻ്റെയും ആവശ്യം.
അതേസമയം തൂത്തുക്കുടി കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണ റിപ്പോർട്ട് സി.ബി.ഐ മുദ്രവെച്ച കവറിൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിലെ വാദം സെപ്റ്റംബർ ഏഴിലേക്ക് മാറ്റി.