നോമ്പുകാലത്ത് കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യ മന്ത്രി മെഹ്ബൂബ മുഫ്തി. റമദാന്‍ നാളുകള്‍ മുസ്ലിം മതവിശ്വാസികള്‍ക്ക് സമാധാനത്തിന്‍റെ നാളുകളാണ്. ജനങ്ങള്‍ക്ക് സമാധനത്തോടെ വ്രതം അനുഷ്ഠിക്കാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണം. നോമ്പ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഉള്ളതെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ റമദാന്‍ കാലത്ത് സമാധാനം പുലര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ സൈനിക നടപടികളില്‍ അയവ് വരുത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കരിന്‍റെ ഭാഗത്ത് നിന്ന് ഇത്തവണയും അങ്ങനൊരു ഉത്തരവ് ഉണ്ടാകണമെന്നാണ് മെഹബൂബ മുഫ്തിയുടെ ആവശ്യം.
എന്നാല്‍ ആ കാലഘട്ടത്തില്‍ മുഫ്തിയുടെ പിഡിപി പാര്‍ട്ടി ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. പിഡിപി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ബിജെപി സഖ്യം ഉപേക്ഷിക്കുകയും മുഫ്തിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.