അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവ്. ദക്ഷിണ കൊറിയയില്‍ നിന്ന് പുതുതായി ഇറക്കുമതി ചെയ്ത ദ്രുത പരിശോധന കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് കിറ്റുകൾ സംസ്ഥാനത്ത് എത്തിച്ചത്.
അമരാവതിയിലെ തന്‍റെ ക്യാമ്പ് ഓഫീസിൽ മുഖ്യമന്ത്രി ദ്രുത പരിശോധന കിറ്റ് പ്രദർശിപ്പിച്ചു. ഉപമുഖ്യമന്ത്രി അല്ലാ കാളി കൃഷ്ണ ശ്രീനിവാസ്, ഡിജിപി ഗൗതൻ സവാങ് എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദ്രുത പരിശോധന കിറ്റുകളിലൂടെ കൊറോണ വൈറസ് പരിശോധനയുടെ ഫലങ്ങൾ 10 മിനിറ്റിനുള്ളിൽ സ്ഥിരീകരിക്കാൻ കഴിയുമെന്നും അണുബാധ ഭേദമായാൽ തിരിച്ചറിയാൻ ഈ കിറ്റുകൾ ഉപയോഗിക്കാമെന്നും ആരോഗ്യ സ്പെഷ്യൽ ചീഫ് സെക്രട്ടറി ഡോ. ജവഹർ റെഡ്ഡി പറഞ്ഞു. ടെസ്റ്റിംഗ് കിറ്റുകളുടെ സഹായത്തോടെ സംസ്ഥാനത്തെ കൊവിഡ് -19 ടെസ്റ്റുകളുടെ ശേഷി വർദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിറ്റുകൾ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലേക്കും 4-5 ദിവസത്തിനുള്ളിൽ അയക്കുമെന്നും ഇവ കമ്മ്യൂണിറ്റി പരിശോധനക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയിൽ ഇതുവരെ 534 കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 20 പേര്‍ അസുഖം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.