ചെന്നൈ: നവംബർ 21ന് ആരംഭിക്കുന്ന തമിഴ്‌നാട് സന്ദർശന വേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട നിര്‍മാണത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. കലൈവനാർ അരംഗത്തിൽ നടക്കുന്ന മറ്റൊരു സർക്കാർ പരിപാടിയിൽ 400 കോടി രൂപയുടെ റിസർവോയർ പദ്ധതിയും അമിത് ഷാ ഉദ്ഘാടനം ചെയ്യും. 67,378 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രി തറക്കല്ലിടും.
തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമി പരിപാടിയില്‍ അധ്യക്ഷത വഹിക്കും. 1,620 കോടി രൂപയുടെ കോയമ്പത്തൂർ അവിനാശി റോഡ് ഫ്ലൈ ഓവർ പദ്ധതിയും ഷാ ഉദ്ഘാടനം ചെയ്യും. അമുല്ലവായലിലെ 1,400 കോടി രൂപയുടെ ല്യൂബ് പ്ലാന്‍റിനും കാമരാജ് തുറമുഖത്ത് 900 കോടി രൂപയുടെ പുതിയ ലാൻഡിങ്ങ് സൈറ്റിനും ഷാ തറക്കല്ലിടും. ചടങ്ങിൽ ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും പങ്കെടുക്കും. വ്യവസായ വകുപ്പ് മന്ത്രി എം.സി സമ്പത്ത് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാർ, പാർലമെന്‍റ് അംഗങ്ങൾ, തമിഴ്‌നാട് സർക്കാരിന്‍റെ പ്രത്യേക പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.
2020 മെയ് മാസത്തിലാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനം ദേശീയ തലത്തിലും ചര്‍ച്ചയാകുന്നുണ്ട്. പാർട്ടി നേതാക്കളുമായും അമിത് ഷാ ചര്‍ച്ച നടത്തുന്നുണ്ട്. അതേസമയം മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ അലഗിരിയുടെ രാഷ്ട്രീയ സംഘടന ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അലഗിരിയെ സ്വാഗതം ചെയ്യുമെന്ന് തമിഴ്‌നാട് സംസ്ഥാന ബിജെപി മേധാവി മുരുകൻ വ്യക്തമാക്കിയിട്ടുണ്ട്.