ഹൈദരാബാദ്: ഹൈദരാബാദിന് ലോകോത്തര ഐടി ഹബ്ബാകാനുള്ള കഴിവുണ്ടെങ്കിലും ടിആർഎസും കോൺഗ്രസുമാണ് അതിന് വിലങ്ങുതടിയാകുന്നതെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. ഹൈദരാബാദിന് ഐടി ഹബ്ബ് ആകാനുള്ള സാധ്യതയുണ്ട്. കേന്ദ്രം ഇതിനായി ഫണ്ട് നൽകിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസനം മുനിസിപ്പൽ കോർപ്പറേഷനാണ് നടത്തേണ്ടത്. അതിനാൽ തന്നെ, ടിആർഎസിന്‍റേയും കോൺഗ്രസിന്‍റേയും കീഴിലുള്ള നിലവിലെ കോർപ്പറേഷനാണ് ഇതിന് ഏറ്റവും വലിയ തടസ്സമെന്നും അമിത് ഷാ ഹൈദരാബാദിൽ പറഞ്ഞു.
ഹൈദരാബാദിനെ ലോകോത്തര ഐടി കേന്ദ്രമാക്കി മാറ്റുന്നതിന് തെലങ്കാന രാഷ്ട്രസമിതിയും എഐഎംഐഎമ്മും തടസ്സമാണ്. അനധികൃത നിർമാണത്തിലും കൈയേറ്റങ്ങളിലും എഐഎംഐഎം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ, വികസനത്തിനും മാറ്റങ്ങൾക്കുമായി ബിജെപിയെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഹൈദരാബാദിലെ ജനങ്ങൾ പ്രശ്‌നങ്ങൾ നേരിടുമ്പോൾ അസദുദ്ദിൻ ഒവൈസിയും മുഖ്യമന്ത്രിയും എവിടെയായിരുന്നുവെന്നും അമിത് ഷാ ചോദിച്ചു. റോഡ് ഷോയിൽ ഹൈദരാബാദിലെ ജനങ്ങൾ നൽകിയ വലിയ പിന്തുണക്ക് ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു. ഇത്തവണ സീറ്റുകൾ വർധിപ്പിക്കാനോ സാന്നിധ്യമറിയിക്കാനോ അല്ല ബിജെപി ശ്രമിക്കുന്നത്, പകരം ഹൈദരാബാദ് മേയർ ബിജെപിയില്‍ നിന്നായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
തെലങ്കാനയിലെ പൊതു പരിപാടികളിലും സെക്കന്ദരാബാദിലെ റോഡ് ഷോയിലും അമിത് ഷാ പങ്കെടുത്തിരുന്നു. ഡിസംബര്‍ ഒന്നിനാണ് ജിഎച്ച്എംസിയിലെ 150 വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ നാലിനാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം.