ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയാലും ഇല്ലെങ്കിലും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ലഖ്നൗവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
തെരഞ്ഞെടുപ്പിന് ശേഷം മോദി വീണ്ടും ഭരണത്തിലെത്തും. ഇനി ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കിലും കശ്മീരിനെ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ ഫലം കാണില്ല. ഇതിനായി എല്ലാ ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ കിരീടമാണ് കശ്മീര്‍. തെരഞ്ഞെടുപ്പുകള്‍ വരും പോകും എന്നാല്‍ രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന ഒന്നും തങ്ങള്‍ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ പട്ടാളക്കാര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മൗനം പാലിച്ചുവെന്നും എന്നാല്‍ മോദിയുടെ ഭരണകാലത്ത് നടന്ന പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കങ്ങളെ പാകിസ്ഥാന്‍ ഭയത്തോടെയാണ് വീക്ഷിച്ചതെന്നും ഷാ തുറന്നടിച്ചു.