ഡെറാഡൂണ്‍: കൊവിഡ് പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ഗംഗാ ഡോളി യാത്രയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കിയില്ല. ഈ വര്‍ഷത്തെ ഗംഗാ വിഗ്രഹ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട പുരോഹിതന്മാര്‍ക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ഡെപ്യൂട്ടി മജിസ്ട്രേറ്റ് ദേവേന്ദ്ര സിംഗ് നേഗിയുടെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ ഗംഗാദേവിയുടെ വിഗ്രഹം പല്ലക്കില്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണ യാത്ര ആരംഭിച്ചു. മുഖിമത്തിലെ മുഖ്‌മയില്‍ നിന്ന് ഗംഗോത്രി ധാമിലേക്കാണ് യാത്ര. പ്രശസ്‌തമായ ഗംഗോത്രി ധാമും യമുനോത്രി ധാമും അക്ഷയ ത്രിതീയ ദിവസമായ ഏപ്രില്‍ 26 ന് തുറക്കും. 6മാസത്തെ ശീതകാല അവധി കഴിഞ്ഞാണ് ഇവ തുറക്കുന്നത്.
എല്ലാ വര്‍ഷവും നടത്തുന്ന ഗംഗാ വിഗ്രഹ ഘോഷയാത്രയില്‍ ഗ്രാമീണരടങ്ങുന്ന നിരവധി ഭക്തര്‍ പങ്കെടുക്കാറുണ്ട്. ബാന്‍ഡ് ഉള്‍പ്പടെ പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ വായിച്ചും വേദ സ്‌തുതി ഗീതങ്ങള്‍ പാടിയുമാണ് ഘോഷയാത്ര നടത്തുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാര്‍ നാഥ്, ബദരീനാഥ് എന്നീ ക്ഷേത്രങ്ങള്‍ ചാര്‍ ദാമുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. വടക്കെ ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തമായ തീര്‍ഥാടന കേന്ദ്രങ്ങളാണിത്.