സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണം മൂന്നംഗ സമിതി അന്വേഷിക്കും. ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതിയിന്മേലുള്ള തുടര്‍ നടപടികളില്‍ തീരുമാനമെടുക്കുക. ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് അന്വേഷണസമിതിയിലെ മറ്റംഗങ്ങള്‍.
ചീഫ് ജസ്റ്റിസിനെ ആരോപണത്തില്‍ കുടുക്കാൻ ഒന്നര കോടി വാഗ്ദാനം ലഭിച്ചെന്ന് സത്യവാങ്മൂലം നല്‍കിയ അഭിഭാഷകൻ ഉത്സവ് ബെയ്ൻസിനോട് ഇന്ന് ഹാജരാകാൻ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസിനെ കുടുക്കാൻ വലിയ ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന ആരോപണത്തില്‍ വിശദീകരണം നല്‍കാനും അദ്ദേഹത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ അനുകൂല വിധി കിട്ടാനും കടങ്ങൾ എഴുതിത്തള്ളാനുമായി ജെറ്റ് എയര്‍വേയ്സ് ഉടമ നരേഷ് ഗോയൽ ചീഫ് ജസ്റ്റിസിന് കോഴ കൊടുക്കാൻ ശ്രമിച്ചു. ജെറ്റ് എയർവേയ്‍സിൽ ദാവൂദ് ഇബ്രാഹിമിന് നിക്ഷേപമുണ്ടെന്നും, കോഴ കൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഇത്തരമൊരു വ്യാജ ആരോപണമുന്നയിക്കുകയായിരുന്നെന്നും ആയിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ വെളിപ്പെടുത്തൽ. ചീഫ് ജസ്റ്റസിനെതിരെ മുന്‍ ജീവനക്കാരി ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ബെയിൻസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത്.
അതേസമയം പരാതിയിലുള്ള ആരോപണങ്ങള്‍ ചീഫ് ജസ്റ്റിസ് നിഷേധിച്ചു. തന്നെ സ്വാധീനിക്കാൻ കഴിയാതെ വന്നതിനാലാണ് ഇത്തരമൊരു ആരോപണം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. രാജിവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.