ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇറ്റാവ ജില്ലയിലെ സൈഫായിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രത്തിലെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനങ്ങളുടെ വേദന അറിയാത്ത ആദിത്യനാഥ് ഒരു മുഖ്യ മന്ത്രിയാണോ എന്നും അഖിലേഷ് യാദവ് ചോദിച്ചു. രാജ്യസഭയിൽ ബില്ലുകൾ അവതരിപ്പിച്ചപ്പോൾ സമാജ്‌വാദി പാർട്ടി നേതാവ് രാം ഗോപാൽ യാദവ് “ഇത് ബില്ലല്ലെന്നും കർഷകരുടെ മരണ വാറന്‍റാണെന്ന്” പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച കർഷകരെ "തീവ്രവാദികൾ", "ഖാലിസ്ഥാനി" എന്ന് വിളിക്കുന്നതായും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. തീവ്രവാദികളാണെങ്കിൽ കർഷകർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ബിജെപിക്കാര്‍ എന്തിന് കഴിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ജനങ്ങൾക്കിടയിൽ വിദ്വേഷം വിളമ്പുന്നു. അവർ മതത്തെയും ജാതിയെയും കുറിച്ച് സംസാരിക്കുന്നുവെന്നും അഖിലേഷ് യാദവ് പറഞ്ഞു. കേന്ദ്രം അവതരിപ്പിച്ച പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച കർഷകരെ പിന്തുണച്ച് സമാജ്‌വാദി പാർട്ടി എല്ലാ ജില്ലകളിലും കിസാൻ റാലികൾ സംഘടിപ്പിച്ചിരുന്നു.