ലക്‌നൗ: കോട്ടയിലെ ശിശുമരണത്തെച്ചൊല്ലി രാഷ്‌ട്രീയ കലഹം നടക്കുന്ന സാഹചര്യത്തില്‍ ഗോരഖ്‌പൂരിലെ ശിശുമരണത്തില്‍ യുപി സര്‍ക്കാരിനെ ചോദ്യം ചെയ്‌ത് സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഗോരഖ്‌പൂരില്‍ ആയിരം കുഞ്ഞുങ്ങളാണ് മരിച്ചതെന്നും ഇതിന് ഉത്തരവാദികളാരാണെന്നും അദ്ദേഹം ചോദിച്ചു. കോട്ടയിലെ മരണത്തില്‍ യോഗി ആദിത്യനാഥ് അസ്വസ്ഥനാണെന്നും എന്നാല്‍ ഗോരക്‌പൂരിലെ മരണത്തില്‍ എപ്പോഴാണ് അസ്വസ്ഥനാകുക എന്നും അദ്ദേഹം പറഞ്ഞു.
ഗോരഖ്‌പൂരില്‍ കുട്ടികൾ മസ്‌തിഷ്‌കവീക്കം കാരണമാണ് മരിച്ചത്. എന്നാല്‍ മരണകാരണം പുറത്തുവരാതിരിക്കാന്‍ പലതരത്തിലുള്ള മരുന്നുകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉടന്‍ തന്നെ മരിച്ച കുട്ടികളുടെ ലിസ്റ്റ് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലെ ശിശുമരണത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വ്യാഴാഴ്‌ച കുറ്റപ്പെടുത്തിയിരുന്നു. ഉത്തര്‍ പ്രദേശില്‍ രാഷ്‌ട്രീയം കളിക്കാതെ പ്രിയങ്ക ഗാന്ധി മരിച്ച കുട്ടികളുടെ അമ്മമാരെ സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ മാസം കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നൂറോളം കുട്ടികളാണ് മരിച്ചത്.