മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബിജെപിക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ മുൻകൈയെടുത്ത എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും രാജിവച്ചു. നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് രാജി. സത്യപ്രതിജ്ഞ ചെയ്ത നാലാം ദിവസമാണ് രാജിപ്രഖ്യാപനം. ഗവർണറെ കണ്ട് അൽപസമയത്തിനകം രാജിക്കത്ത് കൈമാറും. ഭൂരിപക്ഷമില്ലാത്തതിനാലാണ് രാജിവയ്ക്കുന്നതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
ബിജെപി ഭരണത്തിനായിരുന്നു ജനവിധിയെന്ന് ഫഡ്നവിസ് പറഞ്ഞു. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശൽ തുടങ്ങി. മുഖ്യമന്ത്രി പദം പങ്കിടാൻ ശിവസേനയുമായി ധാരണയില്ലായിരുന്നു. ആശയ വ്യത്യാസമുള്ള മൂന്ന് പാർട്ടികളാണ് സഹകരിക്കുന്നത്. സ്ഥിരതയുള്ള സർക്കാരുണ്ടാക്കാൻ ത്രികക്ഷി സഖ്യത്തിലാകില്ല. കുതിരക്കച്ചവടത്തിനില്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേർത്തു.