ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ യൂറോപ്യൻ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. മാഡ്രിഡ്, മിലാൻ, കോപ്പൻഹേഗൻ, വിയന്ന, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് സാമ്പത്തിക ലാഭമില്ലാത്തതിനാൽ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി എയർ ഇന്ത്യ യൂറോപ്യൻ മേഖലകളിലേക്ക് പരിമിതമായ സർവീസുകൾ നടത്താറുണ്ട്. അവശ്യങ്ങൾക്കനുസരിച്ച് വീണ്ടും സർവീസുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ബുധനാഴ്ച, വെള്ളിയാഴ്ച, ഞായറാഴ്ച ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് പാരീസിലേക്ക് മൂന്ന് വിമാനങ്ങളും, എല്ലാ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് നാല് വിമാനങ്ങളും സർവീസ് നടത്തുമെന്ന് കഴിഞ്ഞ മാസം എയർ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
അമേരിക്ക, യുകെ, ജർമനി, ഫ്രാൻസ്, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇന്ത്യൻ ഓവർസീസ് പൗരന്മാർക്കും ചില വിഭാഗത്തിലുള്ള വിദേശികൾക്കും വിമാനയാത്ര നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) 2024 വരെ വിദേശ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു.