ന്യൂഡല്‍ഹി: എയർ ഇന്ത്യയുടെ ലീവ് വിത്തൗട്ട് പെ (എൽഡബ്ല്യുപി) പദ്ധതിയെ ജീവനക്കാർക്കും മാനേജ്‌മെന്‍റിനും ഒരുപോലെ വിജയം എന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി വിശേഷിപ്പിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര വിമാനക്കമ്പനികൾ പിരിച്ചുവിടലുകളിലൂടെ ചെലവ് ചുരുക്കലിൽ ഏർപ്പെട്ടിരിക്കുമ്പോഴും എയർ ഇന്ത്യ ഒരു ജീവനക്കാരനെ പോലും പിരിച്ചുവിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാ എംപി ബിനോയ് വിശ്വത്തിന് അയച്ച കത്തിലാണ് എയർ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും എൽഡബ്ല്യുപി പദ്ധതിയെക്കുറിച്ചും ഹർദീപ് പുരി വ്യക്തമാക്കിയത്.
എയർ ഇന്ത്യയും വളരെ വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. പ്രവർത്തനം തുടരുന്നത് ഉറപ്പുവരുത്തുന്നതിനായി എയർലൈൻ നിരവധി സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളും 2020 ജൂണിലെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കോവിഡ് -19 മൂലം ലോകമെമ്പാടുമുള്ള എയർലൈൻ വ്യവസായം അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയില്‍ ജോലി നിലനിർത്തിക്കൊണ്ടുതന്നെ എയർ ഇന്ത്യ മാനേജ്‌മെന്‍റിന്‍റെ അംഗീകാരത്തോടെ ഒരു നിശ്ചിത സമയത്തേക്ക് ഓഫീസ് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ എൽഡബ്ല്യുപി പദ്ധതി ജീവനക്കാരെ പ്രാപ്തരാക്കുന്നുവെന്ന് പുരി പറഞ്ഞു. മാനേജ്‌മെന്‍റിന്‍റെ അംഗീകാരത്തോടെ അവധി കാലയളവിൽ ജീവനക്കാർക്ക് ബദൽ തൊഴിൽ ഏറ്റെടുക്കാനുള്ള അവസരവും ഈ പദ്ധതി നൽകുന്നു. കോവിഡ് -19 എയർലൈൻ മേഖലയെ സാരമായി ബാധിച്ചുവെന്നും നിലവിൽ കമ്പനിയുടെ എയർലൈൻ പ്രവർത്തനങ്ങളെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.