ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് എയർഇന്ത്യ. തങ്ങൾ മലപ്പുറത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായും, മലപ്പുറത്തുകാർ കാണിച്ച ദയക്കും മനുഷ്യത്വത്തിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ ധൈര്യം മാത്രം പോരെന്നും മനുഷ്യത്വം ആവശ്യമാണെന്നും എയർ ഇന്ത്യ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് ഭയവും മോശം കാലാവസ്ഥയും അവഗണിച്ച് സഹ ജീവികളെ രക്ഷിക്കാൻ നാട്ടുകാരും അധികൃതരും നടത്തിയ രക്ഷാ പ്രവർത്തനം അപകടത്തിന്‍റെ വ്യാപ്തി കുറച്ചതായും രക്തം ദാനം ചെയ്യാൻ എത്തിയ ആളുകളുടെ നീണ്ട നിര മറ്റൊരും ഉദ്ദാഹരണമാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്റിൽ കുറിച്ചിരുന്നു.
അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ഇത് പൂർത്തിയാകുന്നതിന് സമയം ആവശ്യമാണെന്നും എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 18 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 10 കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 190 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായും എയർക്രാഫ്റ്റ് ആക്ട് പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.