ന്യൂഡൽഹി: എയിംസിലെ റെസിഡന്‍റ് ഡോക്ടർക്ക് കൊവിഡ് 19 സ്ഥരീകരിച്ചു. അദ്ദേഹത്തെ സ്വകാര്യ വാർഡിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹവുമായി ഇടപഴകിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അതനുസരിച്ച് ഹോം ക്വാറൻറൈൻ നിർദേശിക്കുമെന്നും അധികൃതർ അറിയിച്ചു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും പരിശോധനക്ക് വിധേയരാക്കും. ഡൽഹിയിലെ സെന്‍റർ സഫ്ദർജങ് ഹോസ്പിറ്റലിലെ രണ്ട് റെസിഡന്‍റ് ഡോക്ടർമാരും കൊവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.
ബയോകെമിസ്ട്രി ഡിപ്പാർട്ട്‌മെന്‍റിന്‍റെ മൂന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ മറ്റൊരു വനിതാ റെസിഡന്‍റ് ഡോക്ടർ അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നു. ഇവർ രോഗ ലക്ഷണങ്ങൾ കാണിക്കുകയും അവരുടെ പരിശോധനാ ഫലങ്ങൾ രണ്ട് ദിവസം മുമ്പ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.