അഖിലേന്ത്യാ ആയുഷ് ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ 2020 വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിഎച്ച്എംഎസ്, ബിഎഎംഎസ് ഡോക്ടർമാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകി. പരീക്ഷകൾ 2020 ഓഗസ്റ്റ് 29ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് ബാധ, ക്വാറന്‍റൈൻ തുടങ്ങിയ കാരണങ്ങളാൽ 2020 ഓഗസ്റ്റ് 29ന് നടത്താനിരിക്കുന്ന പ്രവേശന പരീക്ഷയിൽ ഹാജരാകാൻ അപേക്ഷകർക്കടക്കം നിരവധി ഡോക്ടർമാർക്ക് സാധിക്കില്ലെന്ന് ഹർജിയിൽ പറയുന്നു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 അനുസരിച്ച് സമത്വത്തിനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും അപേക്ഷകർ പറയുന്നു.
ഹർജിയിലെ വിശദാംശങ്ങൾ
കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് പ്രവേശന പരീക്ഷ പങ്കെടുക്കാൻ കഴിയാത്തതിന് കാരണമായി അപേക്ഷകർ ചൂണ്ടികാണിക്കുന്നത്. പരീക്ഷയ്ക്ക് രണ്ട് മാസം പോലും ബാക്കിയില്ലാത്ത സമയത്താണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ നൽകിയ സമയം മതിയാകില്ലെന്നും അപേക്ഷകർ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണെന്നും പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ വിജ്ഞാപനത്തിൽ പരിഗണിച്ചിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു.
മുൻനിര ഡോക്ടർമാർക്ക് തയ്യാറെടുപ്പിനുള്ള സമയം ലഭിച്ചില്ല
കൊവിഡ് കാലഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ എല്ലാ മുൻനിര ഡോക്ടർമാർക്കും പരീക്ഷയിൽ ഹാജരാകാനുള്ള അവസരം നഷ്ടപ്പെടുമെന്ന് ഹർജിക്കാർ വാദിച്ചു. മിക്ക ഡോക്ടർമാരും ക്വാറന്‍റൈന് വിധേയരാണെന്നും അതിനാൽ പരീക്ഷകൾ മാറ്റിവച്ചാൽ അത് വിദ്യാർഥികൾക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.