ന്യൂഡല്‍ഹി: അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പശ്ചിമ ബംഗാള്‍ പൊലീസിന് സിആര്‍പിഎഫ് കത്തയച്ചു. ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര റിസര്‍വ് പൊലീസ് സേന (സിആര്‍പിഎഫ്) സംസ്ഥാന പൊലീസ് മേധാവിക്കാണ് കത്തയച്ചത്. കേന്ദ്രസേനക്ക് പുറമെ സംസ്ഥാന പൊലീസും സുരക്ഷ ശക്തമാക്കണമെന്നാണ് ആവശ്യം. പശ്ചിമ ബംഗാള്‍ പൊലീസ് മേധാവിക്കാണ് സിആര്‍പി എഫ് കത്ത് കൈമാറിയത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നദ്ദയെ പോലുള്ള വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസിനോട് സിആര്‍പിഎഫ് ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി അമിത് ഷാ ഡിസംബർ 19-20 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും. സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ കത്തിൽ സിആർപിഎഫ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. നദ്ദയെ ആക്രമിച്ച ദിവസം മതിയായ പൊലീസ് വിന്യാസം ഉണ്ടായിരുന്നില്ല. സുരക്ഷാ വീഴ്ച സംബന്ധിച്ച റിപ്പോര്‍ട്ടും സിആര്‍പിഎഫ് ഇതുവരെ നല്‍കിയിട്ടില്ല. സംഭവത്തില്‍ കൈലാഷ് വിജയവർഗിയ ഉൾപ്പെടെ നിരവധി പാർട്ടി നേതാക്കൾക്ക് പരിക്കേറ്റിരുന്നു. അമിത് ഷാ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങി വിവിധ വിവിഐപികൾക്ക് സിആർപിഎഫാണ് സംരക്ഷണം നൽകുന്നത്. നക്സലൈറ്റ് പ്രദേശങ്ങളിലും ജമ്മു കശ്മീരിലും സേനയുടെ സാന്നിധ്യമുണ്ട്.