ലക്‌നൗ: യുപിയിലെ ആഗ്രയിലെ ജോണ്‍സ് മില്‍സ് കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. മാണ്ടിയിലെ ജാത്‌നി ഭാഗിലാണ് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കെട്ടിടത്തിന്‍റെ ഭൂരിഭാഗവും തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായാറാഴ്‌ച വൈകുന്നേരം കെട്ടിടത്തിന്‍റെ പിന്‍വശത്ത് വലിയ സ്ഫോടനം നടന്നതായി തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്.
കെട്ടിടം നിലനില്‍ക്കുന്ന ഭൂമി വ്യാപാരിയായ രജ്ജോ ജെയിന്‍ തന്‍റേതാണെന്ന് അവകാശപ്പെട്ടിരുന്നു. ജോണ്‍ മില്‍സ് ഭൂമിയില്‍ നിരവധി വ്യാപാരികള്‍ക്ക് ഗോഡൗണുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു ഗോഡൗണിന്‍റെ ഉടമസ്ഥാവകാശം 1971 മുതല്‍ കുല്‍ദീപ് സിങ് സോദി എന്നയാള്‍ക്കായിരുന്നു. രാജ്ജോ ജെയിന്‍ ഭൂമി മില്‍ കെട്ടിടം നിലനിന്ന ഭൂമി വിറ്റതായും ഗോഡൗണ്‍ ഒഴിയുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തിയതായും കുല്‍ദീപ് സിങ് പൊലീസിനെ അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ കെട്ടിടത്തിനടുത്ത് രണ്ട് പേരെ സംശയാസ്‌പദമായി കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട് രാജ്ജോ ജെയിനിനെയും കുല്‍ദീപ് സിങിനെയും ചോദ്യം ചെയ്‌തതായി എസ്‌പി ബോത്രേ രോഹന്‍ പ്രമോദ് പറഞ്ഞു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.